കേരളത്തിലോട്ട് നീളുന്നുണ്ട്...

പ്രൊമോട്ടര്‍മാരിൽ ചിലര്‍ ജി.സി.സി. രാജ്യങ്ങളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ വിദേശത്തേയ്ക്ക് ചുവടുമാറിയ പലരും ഇപ്പോഴും ഇ.ഡിയുടെ റഡാറിലുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം
കൊച്ചി : എസ്.ഡി.പി.ഐ. ദേശീയ അദ്ധ്യക്ഷൻ എം.കെ. ഫൈസിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കേരളത്തിലേക്ക്. കഴിഞ്ഞദിവസം ഡെൽഹിയിൽ നിന്നാണ് ഫൈസിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെങ്കിലും ലഭ്യമായ വിവരങ്ങളുടെ അട്സ്ഥാനത്തിൽ സമാന്തര അന്വേഷണം പുരോഗമിപ്പിക്കാനാണ് അധികൃതരുടെ നീക്കമെന്നറിയുന്നു. കേരളത്തിലേതുൾപ്പെടെ ചില വസ്ത്രവ്യാപാരസ്ഥാപനങ്ങളിലൂടെ എസ്.ഡി.പി.ഐ. കള്ളപ്പണം വെളുപ്പിച്ചു എന്നാണ് ഇ.ഡി. കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫൈസി അറസ്റ്റിലായതെന്നും സൂചനയുണ്ട്.
വലിയ കച്ചവടപാരമ്പര്യമൊന്നുമില്ലാത്ത ചിലര്‍ പൊടുന്നനെ നഗരപ്രാന്തങ്ങൾ കേന്ദ്രീകരിച്ചും നഗരഹൃദയങ്ങളിലും വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയത് ഇ.ഡിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മിക്കവയ്ക്കും അടിസ്ഥാനധനം എന്ന് പറയുന്നത് ബാങ്ക് വായ്പ തന്നെ ആയിരിക്കും. എന്നാൽ ജി.എസ്.ടി. വകുപ്പിന് സമര്‍പ്പിക്കുന്ന കണക്കിൽ പലസ്ഥാപനങ്ങളും നഷ്ടത്തിലാണ്. നഷ്ടം എത്രകണ്ട് പെരുകിയാലും സ്ഥാപനങ്ങളൊന്നും തന്നെ പൂട്ടാറില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് കടവാടക ഇനത്തിൽ മാത്രം ലക്ഷങ്ങൾ മുടക്കി എങ്ങിനെ പിടിച്ചുനിൽക്കാൻ സാധിക്കുന്നു എന്നതാണ് സംശയാസ്പദമായ കാര്യം.
പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട നാളുകളിൽ മേൽപ്പറഞ്ഞ ഗണത്തിൽപ്പെട്ട ചില സ്ഥാപനങ്ങൾ പൊടുന്നനെ പൂട്ടപ്പെട്ടിരുന്നു. അതേസമയം, അവയുടെ പ്രൊമോട്ടര്‍മാരിൽ ചിലര്‍ ജി.സി.സി. രാജ്യങ്ങളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ വിദേശത്തേയ്ക്ക് ചുവടുമാറിയ പലരും ഇപ്പോഴും ഇ.ഡിയുടെ റഡാറിലുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. രാജ്യത്തിനകത്തുനിന്നുകൊണ്ട് രാജ്യത്തിന് എതിരായ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്ന സംഘടനയാണ് എസ്.ഡി.പി.ഐ. എന്നതാണ് ഇ.ഡിയുടെ നിഗമനം. വരുംദിവസങ്ങളിൽ ചില വമ്പൻസ്രാവുകൾ പോലും തങ്ങളുടെ വലയിൽ കുടുങ്ങിയേക്കുമെന്നും ഇ.ഡി. വൃത്തങ്ങൾ പറയുന്നു.
Photo Courtesy - Google











